ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

യാത്രാമൊഴി...

പ്രിയപ്പെട്ട.. സോറി.. പ്രിയപ്പെട്ടതായിരുന്ന അനാമിക,
എന്നോടുള്ള പ്രണയം പെട്ടെന്നവസാനിപ്പിച്ചു നീ പോയിട്ട് വര്‍ഷങ്ങള്‍ നാല് കഴിഞ്ഞു. നെരൂദ കവിതകളിലെത് പോലെ ഞാനും അത് പെട്ടന്നവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നാം സെമസ്റ്റര്‍ എക്സാം പോലെ സമ്പൂര്‍ണ പരാജയമായിരുന്നു. പ്രണയം മണ്ണാങ്കട്ടയാണ്, ഒരാള്‍ പോയാല്‍ പോട്ടെടാ, നീ അടുത്തവളെ നോക്ക് എന്നൊക്കെ മറ്റുള്ളവരെ ഉപദേശിച്ചു ഞാന്‍ നടന്നുവെങ്കിലും ഉള്ളില്‍ നെരിപ്പോട്‌ എരിയുകയായിരുന്നു. തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും, നീ ആഗ്രഹിച്ചാല്‍ പോലും ഒരു തിരിച്ചു വരവ് നിനക്ക് അസാധ്യമാണ് എന്നറിയാമായിരുന്നിട്ടും ഞാന്‍ വെറുതെ..ഇതിനിടയില്‍ പലരോടും ആകര്‍ഷണം തോന്നി. ചിലത് പ്രണയത്തിലേക്ക് വളരുകയും ചെയ്തു. പക്ഷെ, ഒന്നിലും, ഒരാളിലും ഞാന്‍ സംതൃപ്തന്‍ ആയില്ല.. കാരണം അവരിലെല്ലാം ഞാന്‍ നിന്നെ തിരയുകയായിരുന്നു.
പ്രണയം മറച്ചു വെച്ച് സൌഹൃദത്തിന്റെ കടലാസു പൊതിയില്‍ നീ തന്ന സമ്മാനങ്ങള്‍ ഓരോന്നോരോന്നായി ഞാന്‍ ഇതിനിടയില്‍ ഉപേക്ഷിക്കുകയായിരുന്നു.. വായന ഇഷ്ട്ടമല്ലാത്ത നിനക്ക് ഞാന്‍ സമ്മാനിച്ച പുസ്തകങ്ങള്‍ നീ അന്നെ കളഞ്ഞിരുന്നു എന്നെനിക്കറിയാമായിരുന്നിട്ടും ഞാന്‍ നീ സമ്മാനിച്ചവ സൂക്ഷിച്ചു വെച്ചിരുന്നു. എന്‍റെ ഇരുപത്തിരണ്ടാം പിറന്നാളിന് നീ സമ്മാനിച്ച പാര്‍ക്കര്‍ പേനയും ചുവന്ന റോസാപൂക്കളുള്ള ആശംസാ കാര്‍ഡും ഓര്‍ക്കുന്നുവോ നീ? നീ പോയ അന്ന്, ഷിവാസ് രീഗലിന്റെ പിന്‍ബലത്തില്‍ ആ കാര്‍ഡ്‌ ഒരു ആഷ് ട്രേ ആക്കി മാറിയെങ്കിലും, ആ പേന എന്‍റെ കൂടെ ഉണ്ടായിരുന്നു. എല്ലാ സമ്മാനങ്ങളും ഉപേക്ഷിച്ചപ്പോഴും പാതിവഴിയില്‍ വെച്ച് പ്രവര്‍ത്തനം നിലച്ചുപോയ ആ പാര്‍ക്കര്‍ പേന ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചു. എന്നെങ്കിലും അത് നന്നാകുമെന്ന് വെറുതെ ആശിച്ചു, നിനക്കെന്നോടുള്ള പ്രണയം വീണ്ടും തളിര്‍ക്കുമെന്നു എന്‍റെ ഹൃദയം വിഫലമായി ആശിച്ചപോലെ..

അനാമിക, എന്നോടുണ്ടായിരുന്ന പ്രണയത്തിന്റെ ഒരംശം പോലും നിന്നിലവശേഷിക്കുന്നില്ല എന്നറിഞ്ഞ ഞാന്‍ ഞാന്‍ കുറച്ചു സങ്കടപ്പെട്ടു. പക്ഷെ, മറ്റൊരു ഷി-വാസ്‌-,-റീഗല്‍'ന്‍റെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌'ല്‍ ഞാന്‍ കുറച്ചധികം സന്തോഷിച്ചു.. അനാമികയ്ക്ക് പകരം നാമമുള്ള ഒരുവളെ തേടേണ്ട സമയമായെന്നു ഞാന്‍ സ്വയം ബോധ്യപ്പെടുത്തി.. അവളെതേടിയുള്ള യാത്രയില്‍ നിന്‍റെ ഒരോര്‍മ പോലും എന്നെ ശല്യപ്പെടുത്തരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ എന്നിലെ നിന്‍റെ അവസാനത്തെ ഓര്‍മ- ആ പാര്‍ക്കര്‍ പേന തീയിലിട്ടെരിയ്ക്കുന്നു. മഷിയില്ലെങ്കിലും മുനയൊടിഞ്ഞ ആ പേന മതി കാലില്‍, പിന്നെ കരളിലും കുത്തിക്കയറി മഷി പടര്‍ത്താന്‍..,.. നീല ജ്വാലകളില്‍ ആ പേന എരിയുമ്പോള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു നിന്‍റെ മുഖം.. മഷി നിറയ്ക്കേണ്ട അതിലെ ട്യൂബ് തീയില്‍ പൊട്ടിതെറിച്ചപ്പോള്‍ അറിയാതെന്റെ ഹൃദയവും ഒന്ന് പിടച്ചു.. പിന്നെ സമാശ്വസിപ്പിച്ചു. നിന്‍റെ ഗന്ധമുള്ള അവസാന ശ്വാസവും നശിച്ചുപോയതില്‍.. ,.. ആരുടെയോ പ്രിയപ്പെട്ട അനാമിക, ഇത് നിനക്കുള്ള യാത്രാമൊഴിയാണ്.. പടച്ചവന്‍ നിനക്ക് നല്ലത് മാത്രം വരുത്തട്ടെ..
 

അഭിപ്രായങ്ങളൊന്നുമില്ല: